എന്നെ നിങ്ങൾക്ക് നന്നായി അറിയാമായിരിക്കും, ഞാൻ മീനച്ചിലാർ സഹ്യനിൽ നിന്നും ഒഴുകിയെത്തുന്ന പാലായുടെ സ്വന്തം മീനച്ചിലാർ. ഒഴുകിയെത്തുമ്പോൾ പല പേരുകൾ കേൾക്കുമെങ്കിലും മീനച്ചില്ലെന്ന് കേൾക്കാനാ എനിക്ക് ഇഷ്ടം. വരുന്ന വഴിയെല്ലാം ചാടിക്കളിച്ചും, ചെറിയ കുറുമ്പുകൾ കാട്ടിയും ഞാൻ ഇങ്ങനെ ഒഴുകികൊണ്ടേ ഇരിക്കുന്നു. ജനിച്ചപ്പോൾ എന്റെ ഏക ജോലി സഹ്യനിലേ മഴവെള്ളം അങ്ങ് വേമ്പനാട് കായലിൽ കൊണ്ടേൽപ്പിക്കുന്നതായിരുന്നു. പക്ഷേ ഞാനിന്ന് ഒരു വലിയ സമൂഹത്തിനെ ഭാഗമാണ്.

ഇക്കണ്ട മനുഷ്യർക്കും സസ്യ ജന്തു ജീവജാലങ്ങൾക്കുമെല്ലാം ജീവജലം നൽകുന്നു, 20 ഓളം മീൻ താരങ്ങളും കൊഞ്ചും കണവയും എല്ലാം എന്നിലൂടെ ജീവിക്കുന്നു. എന്നിൽ ജീവിതം തുടങ്ങി എന്നിൽ ജീവിച്ചു എന്നിൽ അവസാനിക്കുന്ന ഒരായിരം ജീവജാലങ്ങൾ. എന്തോ എന്നെ എല്ലാവര്ക്കും ഇഷ്ടമാണ് .
എന്റെ കുസൃതികള്ക് അപ്പുറം ഈ സമൂഹം എന്നെ എത്രമേൽ സ്നേഹിക്കുന്നു എന്നു ഞാൻ മനസിലാക്കുന്നത് പാലായിൽ എത്തുമ്പോളാ..! പാലാക്കാർ പറയും ഞാൻ പാലായുടെ ആണെന്ന്. അല്ലേലും പാലാ ജൂബിലി തിരുനാളും കടപ്പാട്ടൂർ ഉത്സവവും രാക്കുളി പെരുന്നാളും പിന്നെ നമ്മുടെ മാനിച്ചായനും എല്ലാം പാലക്കാരെന്റെ സ്വകാര്യ അഹങ്കാരമല്ലേ!! അക്കൂട്ടത്തിൽ അവർ എന്നെക്കൂടെ കൂട്ടി.
ഇക്കണ്ട ദൂരമെല്ലാം ഞാൻ പോയിട്ടും പാലാ ടൗണിലോ നമ്മുടെ സെന്റ് തോമസ് കോളേജിലോ പാലാ പള്ളിയിലോ എനിക്കൊന്ന് കേറാൻ പറ്റാറില്ല. ഞാൻ കാത്തിരിക്കും… എന്നും… മഴ പെയ്യാൻ. അല്ലേലും ഇതൊക്കെ ആരാടാ ആഗ്രഹിക്കാത്തേ.. മഴ പെയ്താൽ ഞാൻ നിറഞ്ഞങ്ങനെ ഒഴുകും.. എന്റെ ഒരു വർഷത്തേ കാത്തിരിപ്പാ.. പാലാ ടൗണിൽ കേറി എല്ലാരേം കാണും, കുരിശു പള്ളിയിൽ ഒന്ന് കേറും.. പിന്നെ എന്റെ കോളേജിലും.. മറ്റെങ്ങും പോലെയല്ല ഞാൻ ടൗണിൽ കേറിവന്നാൽ എല്ലാരും ഓടിയെത്തും എന്നെ കാണാൻ. പിന്നെ ഫുട്ബോളും വോളി ബോളും റോഡിലൂടെ വള്ളം കളിയും അങ്ങനെ എന്റെ വരവ് ഒരു ആഘോഷമാക്കും പാലായിലെ പിള്ളേർ.
വെള്ളം ഇറങ്ങുമ്പോൾ ഞാൻ നൽകിയ മണ്ണിൽ അവർ കൃഷി ചെയ്തു. ഞാൻ നൽകുന്ന വെള്ളത്തിൽ അവർ ജീവിതം നയിച്ചു.. ഞാൻ സന്തോഷിക്കുകയായിരുന്നു ഇത്രയും നാൾ.. പക്ഷേഎന്തിനോ നിങ്ങളുടെ സ്വാർഥ താല്പര്യങ്ങൾ എന്റെ കണ്ണിനെ ഈറനണിയിക്കുന്നു. നഞ്ചു കലക്കി മീനിനെ കൊന്നു മതിയാകാതെ വന്നപ്പോൾ നിങ്ങൾ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചു. ഞാൻ പരന്നു ഒഴുകാതിരിക്കാൻ വശങ്ങൾ നിങ്ങൾ കയ്യേറി. എന്നെ നിങ്ങൾ ഒരു കുപ്പ തൊട്ടിയാക്കി. വർഷങ്ങളോളം മാലിന്യം പേറി ഞാൻ ഇന്നിപ്പോ മടുത്തു തുടങ്ങി.
ദയവായി നിങ്ങൾ ഇത് കേൾക്കണം. എനിക്ക് ഒന്നേ പറയാനൊള്ളൂ മക്കളെ. എനിക്ക് ഒരു ജീവിതമേയുള്ളൂ നിങ്ങൾ എന്നെ സംരക്ഷിക്കണം, ഞാൻ നിങ്ങളെ പൊന്നുപോലെ നോക്കാം.. നിങ്ങളുടെ പൂർവികരെ സംരിക്ഷിച്ചപോലെ